കോട്ടയം: എട്ടു മാസത്തെ മരവിപ്പിനുശേഷം ശേഷം റബര്‍ വില വീണ്ടും 190 കടന്നു. വേനല്‍ കനത്ത് ഉത്പാദനം കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ ഷീറ്റ് കിട്ടാനില്ല. ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 191 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. ബാങ്കോക്ക് വില 198 രൂപയാണ്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ റബര്‍ ആഭ്യന്തര വില 200 രൂപ കടന്നേക്കാം.
വേനല്‍ കടുത്തതോടെ റബര്‍ മരങ്ങളില്‍ ഇല വ്യാപകമായി കൊഴിഞ്ഞതിനാല്‍ ഉത്പാദനം നാമമാത്രമായി. ചെറുകിട കര്‍ഷകരില്‍ ഏറെപ്പേരും ഈ മാസത്തോടെ ടാപ്പിംഗ് അവസാനിപ്പിക്കും. വന്‍കിട എസ്റ്റേറ്റുകള്‍ അടുത്ത മാസം ടാപ്പിംഗ് നിറുത്തും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 213 രൂപ ഉയര്‍ന്നശേഷം വില പിന്നോട്ടടിച്ചു. കിലോയ്ക്ക് 181 രൂപ വരെ താഴ്ന്നശേഷമാണ് ഒരാഴ്ചയായി വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടായത്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല. ഇത് വില വര്‍ധനയ്ക്ക് ഇടയാക്കി.
അതേസമയം പോയ വര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണു വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണു കണക്കുകള്‍.
ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരുന്നു.സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തീരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. ഇതിനിടയിലാണ് വിലയില്‍ ഉണര്‍വുണ്ടായത്.